Saturday, February 24, 2007

നിളേ നിനക്കായ്‌

നിളയ്ക്കരികിലെത്താന്‍
കൊതികൊണ്ട മനമേ
നിളകണ്ട നേരം
വിതുമ്പുന്നതെന്തേ ?

പുളിനത്തിലിഴലും
പഞ്ചാരമണലില്‍
കരയ്ക്കിട്ട മീനായ്‌
പിടയുന്നു നീയും

തനുവെത്താതീരം
മനമെത്താ ദൂരം
തെളിനീര്‍ക്കണമായ്‌
ഉയിര്‍കൊള്ളും നേരം

ഓര്‍മ്മപ്പടര്‍പ്പുകള്‍
തീരത്തിലില്ല
നീറുന്ന ചിതകള്‍
ഓരത്തിലില്ല

ഉല്‍പ്പത്തിനേരം
ഉള്‍ക്കോണിലെങ്ങും
തീമിന്നിവീശും
കൊള്ളിയാനില്ല

കളിചൊല്ലിയൊഴുകും
കുളിരോടമായി
കുതികൊണ്ടു പായും
കുഞ്ഞരുവിയായി

തീരത്തെത്തൊടിയില്‍
മോഹത്തിന്‍ മുല്ല
മൊട്ടിട്ടുവിടരും
കൗമാരമായി

ഉത്സവകാലം
ഉള്‍ത്താരില്‍ മേളം
കതിര്‍ചിന്നി മിന്നും
കരളിലെ മോഹം

ആത്മാവിന്നാഴത്തില്‍
ആകാശം കാണാതെ
നീ കാത്തുവച്ചോരു
മോഹത്തിന്‍ പീലികള്‍

പീലിപ്പൂചൂടി
മാനസമാമയില്‍
മഴമേഘരാഗം
മതിമറന്നാടി

തുള്ളിക്കൊരുതുടം
തുള്ളിക്കൊണ്ടായി
ഉള്ളത്തിലാവേശ
തിരതള്ളിയാടി

ആസക്തിജ്വാലകള്‍
ആകാശം മുട്ടേ
തീരങ്ങളാകേ നീ
തിരക്കയ്യിലാക്കീ

ആസുരതൃഷ്ണകള്‍
നിന്‍ തെളിനീരിനേ
മോഹത്തിന്‍ മായത്താല്‍
കണ്മഷമാക്കി

മഴക്കോളുനിന്നു
മാനം തെളിഞ്ഞു
ഉള്‍ക്കണ്ണുമാത്രം
കലങ്ങിത്തെളിഞ്ഞു

ഉള്‍ച്ചൂടിനാല്‍ നിന്‍
നീര്‍ച്ചാലു വറ്റി
ഉള്‍ക്കണ്ണിലെതെളി
കണ്ണീരും വറ്റി

ഞാന്‍ കണ്ടു നില്‍ക്കെ
നീയില്ലാതായി
നിന്‍ തീരഭൂവില്‍
ഞാനേകനായി

പടിഞ്ഞാറുകത്തി
യമരുന്ന സന്ധ്യതന്‍
ചിതയില്‍ നിന്നോരു
കനല്‍ ചീളെടുത്തു ഞാന്‍

കൊളുത്തട്ടെ മറ്റൊന്ന്
നീറുമെന്‍ ഹൃത്തിലും
നിന്നായിരമോര്‍മ്മകള്‍
ക്കേകട്ടെ ഞാന്‍ ശാന്തി

Monday, February 19, 2007

ഭ്രാന്തന്‍

പനിപ്പേച്ചു മൂത്തോരു
ഏകാന്തയാമത്തില്‍
ഒരു ഭ്രാന്തന്‍ കാണുന്ന
സ്വപ്നമോ ജീവിതം ?

മാറാപ്പു മുഴുവനും
മറയാത്തയോര്‍മ്മകള്‍
മാറത്തും മനസ്സിലും
കാലത്തിന്‍ കരിക്കല

ജപിക്കാനും പഴിക്കാനും
മുഴുശ്ശാപവാക്കുകള്‍
മാത്രം കുറിച്ചിട്ട
മനസ്സിന്റെയെഴുത്തോല

ഓര്‍മ്മക്കയത്തിന്റെ
ആഴത്തില്‍, ആദിയില്‍
കരിഞ്ചുഴിക്കുത്തൊന്നില്‍
കൈവിട്ടു പോയ്‌ ബാല്യം

കഞ്ഞിത്തെളിയ്ക്കായ്‌
കേഴുമ്പോള്‍ കിട്ടിയ
ഭ്രാന്തന്‍ നായേടെ
കടിപോലെ കൗമാരം

ബസ്റ്റാന്റിലെ തിണ്ണയില്‍
തുലാവര്‍ഷമേളത്തില്‍
ഒരു രാത്രി തീര്‍ത്തോരു
ദാഹമാം യൗവ്വനം

കരിങ്കാലന്‍ വന്നെത്തി
കരളൂറ്റി വലിച്ചിട്ടും
കുതിവള്ളി പൊട്ടീട്ടും
ഇഴയുന്ന വാര്‍ദ്ധക്യം

ഒരുപേടി സ്വപ്നത്തിന്‍
അറ്റത്തിലൊറ്റയ്ക്ക്‌
താഴേയ്ക്കുവീഴുന്ന
ഞെട്ടലോ ജീവിതം ?