Thursday, March 01, 2007

പ്രതിരോധാന്തരങ്ങള്‍

മുള്‍ വേലികളില്‍ തുടങ്ങുന്ന
ഗ്രാമത്തിന്റെ പ്രതിരോധങ്ങള്‍...

മുള്‍ക്കിരീടമണിഞ്ഞ്‌ ചോരയിറ്റുന്ന
ഹൃദയങ്ങളുടെ സംരക്ഷകനായ്‌
ഉയരുന്ന വേലിയോരോന്നും
ഉയര്‍ത്തെഴുന്നേല്‍പ്പുവരെ
ഉടമസ്ഥഹൃദയങ്ങളുടെ കാവലാളാകുന്നു
പിന്നെ വേലിത്തലപ്പുമൂടെ പടര്‍ന്നു കയറുന്ന
വള്ളിച്ചെടികളില്‍ വിരിയുന്ന
ശോണപുഷ്പങ്ങളിലേയ്ക്ക്‌
മുറിപ്പാടുകള്‍ അലിഞ്ഞിറങ്ങി
ഒരു സ്നേഹവസന്തത്തിന്റെ
തുടക്കമാകുന്ന വരെ

അര്‍ത്ഥമില്ലാത്ത തിളക്കങ്ങളുടെ
സംരക്ഷകരായി ഉടലെടുക്കുന്ന
കൂര്‍ത്ത ലോഹക്കമ്പികളുടെ
നഗരപ്രതിരോധങ്ങള്‍...

ഉടമസ്ഥഹൃദയങ്ങളിലെ
പകയും വൈരവും പോലെ
ഇരകളേ കാത്ത്‌ ജന്മാന്തരങ്ങളോളം
ഉണര്‍ന്നിരിക്കുന്നു
ഒടുവില്‍ തുരുമ്പിച്ച്‌ മണ്ണടിയുമ്പോഴും
അവശേഷിപ്പിക്കുന്നത്‌
നിരപരാധികളുടെ കാല്‍ വെള്ളയില്‍
തുളച്ചുകയറി ജീവനെ ഒന്നാകെ
ദഹിപ്പിക്കാനുള്ള വിഷവും

നഗരത്തിളക്കങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ക്കു പിന്നില്‍
ഒരു കരച്ചിലിനറ്റത്തെ പിടച്ചിലായി
ജീവന്‍ കുതറിയൊടുങ്ങുന്നു

പച്ചിലപ്പൊന്തകള്‍ക്കിറ്റയിലെ ഗ്രാമവീഥിയിലൂടെയുള്ള
ഒരു സായാഹ്നയാത്രയില്‍
തെളിഞ്ഞുകത്തുന്ന സന്ധ്യാദീപം പോലേ
ജീവിതം നിറവാകുന്നു.

2 Comments:

Blogger Arjun said...

"മുള്‍ വേലികളില്‍ തുടങ്ങുന്ന
ഗ്രാമത്തിന്റെ പ്രതിരോധങ്ങള്‍..."

ഒരു പുതിയ കവിത

1:01 PM  
Blogger വിഷ്ണു പ്രസാദ് said...

നഗരത്തിളക്കങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ക്കു പിന്നില്‍
ഒരു കരച്ചിലിനറ്റത്തെ പിടച്ചിലായി
ജീവന്‍ ...

ചില വരികള്‍ നന്നായിട്ടുണ്ട്.അല്പം കൂടി ശ്രദ്ധിക്കൂ.

2:05 PM  

Post a Comment

<< Home