Tuesday, June 11, 2013

മഴ

മഴ !

ജാലകപ്പാളി കടന്ന് പുറത്തേയ്ക്കു നീളുന്ന കാഴ്ച്ചയ്ക്കും ചെറു മഴവേരുകൾ പൊടിച്ചു തുടങ്ങുന്നു.

മൗനങ്ങളുടെ നരച്ച ആകാശത്തിനു താഴേ പുതുനാമ്പുകൾ മുളപൊട്ടുന്നു.

പ്രതിരോധങ്ങളലിഞ്ഞഴിഞ്ഞ് ഒരു മഴത്തുള്ളിയായി

ഞാനും എന്റെ സമുദ്രത്തെ തേടുന്നു.

Sunday, May 20, 2007

പകല്‍ രാത്രി

പകല്‍ സര്‍പ്പസൗന്ദര്യത്തിന്റെ വജ്രവീചികളാല്‍ കണ്‍കുത്തുന്നു
രാത്രി സൗമ്യസ്പര്‍ശനങ്ങളുടെ അമൂര്‍ത്തസുഖങ്ങളായ്‌ തഴുകുന്നു
പകല്‍ അകക്കണ്ണില്‍ നിറയുന്ന ഉള്‍ക്കാഴ്ച്ചതന്നാനന്ദം
രാത്രി സുഷുമ്നപോലുമറിയാത്ത സുഷുപ്തിതന്‍ സുഖം

പകല്‍ അറിവിന്റെ പേനായ്ക്കള്‍ കടിച്ചുകുടയുമൊരു നരകകവാടം
രാത്രി അറിവില്ലാ കമ്പളത്തിന്‍ സുരക്ഷയിലൊരു സ്വപ്നലോകം
നരകക്കാഴ്ച്ചകളുടെ നരച്ചചോരപ്പാടുകളായി പടരുന്ന പകല്‍
അകലെ പിടഞ്ഞു തീരുന്ന ചിറകടിയൊച്ചകളാല്‍ നടുങ്ങുന്ന രാത്രി

കണ്‍തുറന്ന് ശപിക്കാന്‍ പകല്‍, കണ്ണടച്ച്‌ തേങ്ങാന്‍ രാത്രി
അറിവോടെ വേട്ടയാടാന്‍ പകല്‍, അറിയാതെ വേട്ടയാടപ്പെടാന്‍ രാത്രി
പടിയടച്ച്‌ പിണ്ഡം വയ്ക്കാന്‍ പകല്‍, പടിപ്പുരയില്‍ കാത്തിരിക്കാന്‍ രാത്രി
പിറന്ന മക്കള്‍ പിഴച്ചുകാണാന്‍ പകല്‍, പിറക്കാത്ത മക്കള്‍ക്ക്‌ പ്രാര്‍ഥനയായ്‌ രാത്രി

പകല്‍ അറിവില്ലായ്മയുടെ പേറ്റുനോവില്‍ കുരുക്കുന്ന അറിവ്‌
അറിവുകളഴിഞ്ഞ്‌ അറിവില്ലായ്മയില്‍ തിരിച്ചൊടുങ്ങുന്ന രാത്രി
പകല്‍ ജന്മദുഖങ്ങള്‍ ആറ്റിക്കുറുക്കിയെടുത്ത ഒരു തുള്ളി വെട്ടം...
രാത്രി ഒരു കരച്ചിലിനറ്റത്തെ പിടച്ചിലിലൊടുങ്ങുന്ന ജന്മസത്യം...

Tuesday, May 15, 2007

മാനസി

മൊഴിയാത്തൊരൊരുനൂരു വാക്കുകളിന്‍
ദീപ്തിയില്‍ നിറവാര്‍ന്നു നിന്റെ മൗനം
ഒരു വാക്കിന്‍ തിരിനീട്ടി നീ തെളിയ്കൂ
കൂരിരുളാര്‍ന്നൊരെന്നന്തരംഗം

ഒരായിരം വിസ്മയക്കാഴ്ച്ചകള്‍ തന്‍
വാല്‍ക്കണ്ണാടികള്‍ മിഴിയിണകള്‍
കണ്മുനക്കോണിനാല്‍ നീയുണര്‍ത്തൂ
മായുമെന്നുള്‍ക്കണ്ണില്‍ മന്ത്രദീപം

ഒരു കോടി സാന്ത്വനസ്പര്‍ശങ്ങളാല്‍
മാനസതന്ത്രി നീ തൊട്ടുണര്‍ത്തൂ
മറ്റൊരു മായാവിപഞ്ചിയായ്‌ നിന്‍
ശ്രുതിയായലിയട്ടെ എന്റെ ജന്മം

Wednesday, April 04, 2007

നിറരാവ്‌

നിറഞ്ഞ രാവെന്നാല്‍
ഒരു യാത്ര സമ്മാനിക്കുന്നതാണ്‌

നാട്ടുവെളിച്ചത്തിന്റെ അവസാനമാത്രകള്‍
വേലിപ്പടര്‍പ്പുകളില്‍ നിന്നും
മങ്ങിയകലുന്ന നേരം

വഴിയിലാരേയും കാണാതെ,
ഒത്തിരി സ്നേഹിതരുടെ
വീടിനു മുന്നിലൂടെ നടന്ന്

തുറന്നുകിടക്കുന്ന
പടിപ്പുര വാതിലിലൂടെ
വീട്ടിലേയ്ക്ക്‌...

Saturday, March 10, 2007

നീ

കതിര്‍വെട്ടം കനലാട്ടം
കവിളത്തൊരു മിന്നാട്ടം...

മാനത്തെ മുല്ലയെ
വലമിട്ടുപോവുന്ന
ദൂരത്തെ കാര്‍മേഘ
കരിവണ്ടു മുരണ്ടാലും

കണ്മുമ്പില്‍ കൊള്ളിയാന്‍
തീമിന്നി നിന്നാലും
തുള്ളിയ്ക്കൊരുതുടം
താഴോട്ടു പെയ്താലും

വന്നോ വന്നില്ല
കണ്ടോ കണ്ടില്ല
പരല്‍ മീന്‍ കൂട്ടത്തിന്‍
മിന്നായം പോലെ നീ

Friday, March 02, 2007

ഒരു മുറിയിലെ നാലു കൊലയാളികള്‍

മേശപ്പുറത്ത്‌
കുറച്ചു മുമ്പ്‌
അമ്മ കൊണ്ടു വച്ച
ഒരു ഗ്ലാസ്സ്‌ ചായ

ചൂടിന്നുമേല്‍
പാട ചൂടി
ചില്ലിന്റെ സുതാര്യതയില്‍
തന്റെ അംഗലാവണ്യം
പുറത്തുകാട്ടി
കാത്തിരിയ്ക്കുന്നു

ഒന്നുമറിയാത്ത
ദാഹാര്‍ത്തനായ
ഒരു കുഞ്ഞുറുമ്പിന്റെ
വരവും കാത്ത്‌...

ഭഗവാനു നേദിച്ച
ഒരു തടിയന്‍ കണ്ണന്‍ പഴം
പഞ്ചാരത്തരികള്‍ നെയ്യിലലിയിച്ച്‌
നെറുകില്‍ പുരട്ടി
പാത്തിരിയ്ക്കുന്നു

സുഗന്ധിയായ തന്റെ
കാന്തവലയത്തിലേയ്ക്കു
ചിറകടിച്ചു വരുന്ന
ആദ്യത്തെ കുഞ്ഞീച്ചയേയും കാത്ത്‌...

മേശപ്പുറത്തേയ്ക്കു നീണ്ട
കൈ പിന്‍ വലിച്ച്‌
ഇതെല്ലാമറിഞ്ഞ ഞാന്‍
ഉറക്കമുണര്‍ന്നിട്ടും
അനങ്ങാതെ കിടക്കുന്നു

എനിയ്ക്കു മുകളില്‍
മച്ചിലെ കൊളുത്തില്‍ ഞാന്ന്
പതിയെക്കറങ്ങുന്ന
സീലിങ്ങ്‌ ഫാന്‍

ഇടയ്ക്കൊന്നു പതിയെ നിന്ന്
തന്റെ തിളങ്ങുന്ന
ലോഹക്കഴുത്തൊന്നു കാട്ടി
എന്നെ പാളി നോക്കുന്നു
പിന്നെ, ഒന്നുമറിയാത്ത പോലെ
മെല്ലേ ചലനം തുടരുന്നു.

Thursday, March 01, 2007

പ്രതിരോധാന്തരങ്ങള്‍

മുള്‍ വേലികളില്‍ തുടങ്ങുന്ന
ഗ്രാമത്തിന്റെ പ്രതിരോധങ്ങള്‍...

മുള്‍ക്കിരീടമണിഞ്ഞ്‌ ചോരയിറ്റുന്ന
ഹൃദയങ്ങളുടെ സംരക്ഷകനായ്‌
ഉയരുന്ന വേലിയോരോന്നും
ഉയര്‍ത്തെഴുന്നേല്‍പ്പുവരെ
ഉടമസ്ഥഹൃദയങ്ങളുടെ കാവലാളാകുന്നു
പിന്നെ വേലിത്തലപ്പുമൂടെ പടര്‍ന്നു കയറുന്ന
വള്ളിച്ചെടികളില്‍ വിരിയുന്ന
ശോണപുഷ്പങ്ങളിലേയ്ക്ക്‌
മുറിപ്പാടുകള്‍ അലിഞ്ഞിറങ്ങി
ഒരു സ്നേഹവസന്തത്തിന്റെ
തുടക്കമാകുന്ന വരെ

അര്‍ത്ഥമില്ലാത്ത തിളക്കങ്ങളുടെ
സംരക്ഷകരായി ഉടലെടുക്കുന്ന
കൂര്‍ത്ത ലോഹക്കമ്പികളുടെ
നഗരപ്രതിരോധങ്ങള്‍...

ഉടമസ്ഥഹൃദയങ്ങളിലെ
പകയും വൈരവും പോലെ
ഇരകളേ കാത്ത്‌ ജന്മാന്തരങ്ങളോളം
ഉണര്‍ന്നിരിക്കുന്നു
ഒടുവില്‍ തുരുമ്പിച്ച്‌ മണ്ണടിയുമ്പോഴും
അവശേഷിപ്പിക്കുന്നത്‌
നിരപരാധികളുടെ കാല്‍ വെള്ളയില്‍
തുളച്ചുകയറി ജീവനെ ഒന്നാകെ
ദഹിപ്പിക്കാനുള്ള വിഷവും

നഗരത്തിളക്കങ്ങളുടെ കെട്ടുകാഴ്ച്ചകള്‍ക്കു പിന്നില്‍
ഒരു കരച്ചിലിനറ്റത്തെ പിടച്ചിലായി
ജീവന്‍ കുതറിയൊടുങ്ങുന്നു

പച്ചിലപ്പൊന്തകള്‍ക്കിറ്റയിലെ ഗ്രാമവീഥിയിലൂടെയുള്ള
ഒരു സായാഹ്നയാത്രയില്‍
തെളിഞ്ഞുകത്തുന്ന സന്ധ്യാദീപം പോലേ
ജീവിതം നിറവാകുന്നു.