Friday, March 02, 2007

ഒരു മുറിയിലെ നാലു കൊലയാളികള്‍

മേശപ്പുറത്ത്‌
കുറച്ചു മുമ്പ്‌
അമ്മ കൊണ്ടു വച്ച
ഒരു ഗ്ലാസ്സ്‌ ചായ

ചൂടിന്നുമേല്‍
പാട ചൂടി
ചില്ലിന്റെ സുതാര്യതയില്‍
തന്റെ അംഗലാവണ്യം
പുറത്തുകാട്ടി
കാത്തിരിയ്ക്കുന്നു

ഒന്നുമറിയാത്ത
ദാഹാര്‍ത്തനായ
ഒരു കുഞ്ഞുറുമ്പിന്റെ
വരവും കാത്ത്‌...

ഭഗവാനു നേദിച്ച
ഒരു തടിയന്‍ കണ്ണന്‍ പഴം
പഞ്ചാരത്തരികള്‍ നെയ്യിലലിയിച്ച്‌
നെറുകില്‍ പുരട്ടി
പാത്തിരിയ്ക്കുന്നു

സുഗന്ധിയായ തന്റെ
കാന്തവലയത്തിലേയ്ക്കു
ചിറകടിച്ചു വരുന്ന
ആദ്യത്തെ കുഞ്ഞീച്ചയേയും കാത്ത്‌...

മേശപ്പുറത്തേയ്ക്കു നീണ്ട
കൈ പിന്‍ വലിച്ച്‌
ഇതെല്ലാമറിഞ്ഞ ഞാന്‍
ഉറക്കമുണര്‍ന്നിട്ടും
അനങ്ങാതെ കിടക്കുന്നു

എനിയ്ക്കു മുകളില്‍
മച്ചിലെ കൊളുത്തില്‍ ഞാന്ന്
പതിയെക്കറങ്ങുന്ന
സീലിങ്ങ്‌ ഫാന്‍

ഇടയ്ക്കൊന്നു പതിയെ നിന്ന്
തന്റെ തിളങ്ങുന്ന
ലോഹക്കഴുത്തൊന്നു കാട്ടി
എന്നെ പാളി നോക്കുന്നു
പിന്നെ, ഒന്നുമറിയാത്ത പോലെ
മെല്ലേ ചലനം തുടരുന്നു.

2 Comments:

Blogger Arjun said...

വിഷ്ണുപ്രസാദ്‌ മാഷിന്റെ നിശ്ശബ്ദത എന്ന കവിതയിലെ കൊലയാളി നിരപരാധിയാണെന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയപ്പോള്‍ എഴുതിയത്‌...

6:21 AM  
Anonymous Anonymous said...

choodu chayayil veenu venthu maricha kunjurumbukalude vedana aarum ariyilla....

1:49 PM  

Post a Comment

<< Home