Monday, February 19, 2007

ഭ്രാന്തന്‍

പനിപ്പേച്ചു മൂത്തോരു
ഏകാന്തയാമത്തില്‍
ഒരു ഭ്രാന്തന്‍ കാണുന്ന
സ്വപ്നമോ ജീവിതം ?

മാറാപ്പു മുഴുവനും
മറയാത്തയോര്‍മ്മകള്‍
മാറത്തും മനസ്സിലും
കാലത്തിന്‍ കരിക്കല

ജപിക്കാനും പഴിക്കാനും
മുഴുശ്ശാപവാക്കുകള്‍
മാത്രം കുറിച്ചിട്ട
മനസ്സിന്റെയെഴുത്തോല

ഓര്‍മ്മക്കയത്തിന്റെ
ആഴത്തില്‍, ആദിയില്‍
കരിഞ്ചുഴിക്കുത്തൊന്നില്‍
കൈവിട്ടു പോയ്‌ ബാല്യം

കഞ്ഞിത്തെളിയ്ക്കായ്‌
കേഴുമ്പോള്‍ കിട്ടിയ
ഭ്രാന്തന്‍ നായേടെ
കടിപോലെ കൗമാരം

ബസ്റ്റാന്റിലെ തിണ്ണയില്‍
തുലാവര്‍ഷമേളത്തില്‍
ഒരു രാത്രി തീര്‍ത്തോരു
ദാഹമാം യൗവ്വനം

കരിങ്കാലന്‍ വന്നെത്തി
കരളൂറ്റി വലിച്ചിട്ടും
കുതിവള്ളി പൊട്ടീട്ടും
ഇഴയുന്ന വാര്‍ദ്ധക്യം

ഒരുപേടി സ്വപ്നത്തിന്‍
അറ്റത്തിലൊറ്റയ്ക്ക്‌
താഴേയ്ക്കുവീഴുന്ന
ഞെട്ടലോ ജീവിതം ?

2 Comments:

Blogger Cibu C J (സിബു) said...

കശ്മൂ, അവസാനം ബ്ലോഗിലെത്തിയത്‌ നന്നായി. ഈ ലിങ്കിലുള്ള സെറ്റിങ്സ് ചെയ്താല്‍ ബാക്കി മലയാളം ബ്ലോഗേര്‍സ് അറിയാന്‍ എളുപ്പമുണ്ട്‌.

1:30 AM  
Anonymous michael mark said...

beauuuuuutiful post!! thanks

master degree Teaching Assistant | associate degree accounting

11:21 AM  

Post a Comment

<< Home